Saturday, May 21, 2011

Rathinirvedam , Rathinirvedam Remake ,Rathinirvedam Trailer, Rathinirvedam new


ആരാധകരുടെ മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ രതിനിര്‍വേദത്തിന്റെ റീമേക്ക് പൂര്‍ത്തിയാവുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന്റെയും കാര്യത്തില്‍ ഉണ്ടാകാത്തത്ര ആകാംക്ഷയാണ് ഈ കൊച്ചു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നത്. അതിനുകാരണം ചിത്രം രതിനിര്‍വേദം ആണെന്നത് തന്നെ. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദം' ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാണുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്‍ പ്രാധാന്യം നല്‍കുന്നതും.


ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം ലൈംഗികതയെ മനോഹരമായി ആവിഷ്കരിച്ച ചിത്രങ്ങളിലൊന്നാണ്. പത്മരാജന്റെ 'രതിനിര്‍വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയതാണ്‌. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ ടികെ രാജീവ് കുമാറിനെയും നിര്‍മാതാവ് സുരേഷ് കുമാറിനെയും അലട്ടിയത് രതിചേച്ചിയെയും പപ്പുവിനെയും ആര് അവതരിപ്പിയ്ക്കുമെന്ന് ഓര്‍ത്തായിരുന്നു.

നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചു. അത് പരക്കെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ മലയാളത്തിലെ ഇന്നത്തെ സെക്സി നായികയായ ശ്വേതാ അവതരപ്പിക്കുന്നു എന്ന് കേട്ടതോടെ ആരാധകരുടെ ആകാംക്ഷ ഇരട്ടിയായി.

എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്‍ ഇമേജ് ഭയം മൂലം പിന്‍മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം വൈകിയത് ഈ പ്രധാന താരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം കാരണമായിരുന്നു.

ഒടുവില്‍ ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്‍ ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. രതിച്ചേച്ചിയോട് കാമം തോന്നുന്ന കഥാപാത്രം. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൗമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്‍ മാറി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്‍ കൗമാര ക്കാരന്‍റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ഈ രണ്ടു സവിശേഷതകളും ചേര്‍ന്ന ആളാണ്‌ ശ്രീജിത്ത്‌.

പപ്പുവിന്റെ രതിചേച്ചിയാകാന്‍ മുമ്പ് ജയഭാരതി ക്യാമറയ്ക്കു മുന്നില്‍ അണിഞ്ഞതെല്ലാം സ്വര്‍ണ്ണത്തിന്റെയും ഡയമണ്ടിന്റെയും സ്വന്തം ആഭരണങ്ങളായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ , അണിവയറില്‍ സ്വര്‍ണ അരഞ്ഞാണവുമണിഞ്ഞ് മലര്‍ന്നു കിടക്കുന്ന ജയഭാരതിയുടെ പോസ്റ്റര്‍ അതിന്റെ സെക്‌സി അപ്പീല്‍ കാരണം അന്ന് വിവാദമായിരുന്നു. എറണാകുളത്തുള്ള ഒരു പ്രശസ്ത തട്ടാനെ കൊണ്ട് ജയഭാരതി സ്വയം പണിയിപ്പിച്ച 45 പവന്റെ കച്ചപ്രം ഫാഷനിലുളള അരഞ്ഞാണമായിരുന്നു അതില്‍ അണിഞ്ഞിരുന്നത്. നടക്കുമ്പോള്‍ കിലുങ്ങുന്ന തരത്തില്‍ മൂന്ന് മൊട്ടുകള്‍ ഉള്ള ആ അരഞ്ഞാണവുമണിഞ്ഞ് കിടക്കുന്ന രതിച്ചേച്ചിയെ കാണുന്ന പപ്പു സ്വപ്നത്തിലും അല്ലാതെയും രതിച്ചേച്ചിയെ ആലിംഗനം ചെയ്യാനൊരുങ്ങുന്നതായിരുന്നു ചിത്രത്തിലെ ഒരു പ്രധാന രംഗം. ആ രംഗത്തില്‍ ജയഭാരതി കാലില്‍ അണിഞ്ഞിരുന്നത് 40 പവന്റെ പാദസരമായിരുന്നു.

ഇപ്പോള്‍ ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്‍ ഭീമാ ജ്വല്ലേഴ്സ് നല്‍കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്‍ രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്‍കാന്‍ മുന്നോട്ടുവന്നത്. പഴമയുടെയും പുതുമയുടെയും ഒരു കോമ്പിനേഷനാണ് ഈ അരഞ്ഞാണത്തിനായി ഭീമാ ജ്വല്ലേഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഈ അരഞ്ഞാണം മാത്രമല്ല, രതിച്ചേച്ചി അണിയുന്ന മറ്റു ആഭരണങ്ങളും തയ്യാറാക്കുന്നത് ഭീമയാണ്. അഡ്യല്ല് , ഗാനം ചെയിന്‍ , വളയംകമ്മല്‍ , നീല മാങ്ങ മാല , ജിമ്മിക്കി , ഗ്ലാസ് വളകല്‍ , ഘടികാരം ചെയിന്‍ എന്നിങ്ങനെയുളള എല്ലാ ആഭരണങ്ങളും അണിഞ്ഞു വരുന്ന ശ്വേത രതിചേച്ചിയായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിറയെ പ്രതീക്ഷിക്കാം.

രതിച്ചേച്ചിയും പപ്പുവും തമ്മിലുള്ള വൈകാരിക ബന്ധമാണ് ചിത്രത്തിന്റെ സവിശേഷത. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം കാണാന്‍ യുവാക്കളുടെ വലിയ തിരക്കായിരുന്നു. ലൊക്കേഷനില്‍ തിങ്ങിക്കൂടുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവന്നു.
മാവേലിക്കര, കായംകുളം എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട്‌ ചെയ്തത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിച്ച് ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാവുന്ന റീമേക്ക് ആയിരിക്കും. ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചിയുടെ വേഷം ശ്വേതാ മേനോന്‍ എങ്ങനെ ചെയ്യും എന്ന് അറിയാനാണ് എല്ലാവര്‍ക്കും താല്പര്യം. സുരേഷ് കുമാര്‍ മുമ്പ് നിര്‍മിച്ച നീലത്താമര പഴയതിനേക്കാള്‍ മികച്ചതായിരുന്നു എന്നായിരുന്നു വിലയിരുത്തല്‍. അതുപോലെ ഒര്‍ജിനലിനെ വെല്ലുന്ന ഒരു റീമേക്ക് ആയിരിക്കും പുതിയ രതിനിര്‍വേദമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 'കയ'ത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ശ്വേതയുടെ ഇമേജ് ഈ ചിത്രത്തിന് വളരെ സഹായകരമാവുമെന്ന് ഉറപ്പ്.

പത്മരാജന്റെ നോവലായ രതിനിര്‍വേദത്തിന്റെ കഥയില്‍ വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, എന്നാല്‍ പുതിയൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്‍ മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്‍, മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.

മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍. സംഗീതം എം ജയചന്ദ്രന്‍. ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്‍ ശ്രേയ ഗോസ്വാല്‍ രണ്ടു പാട്ടുകള്‍ പാടുന്നുണ്ട്.

ആരാധകര്‍ കാത്തിരിക്കുകയാണ്. ശ്വേതാ മേനോന്റെ രതിചേച്ചിയുടെയും ശ്രീജിത്തിന്റെ പപ്പുവിന്റെയും കാമാതുരമായ പ്രണയം കാണാന്‍. അതുകൊണ്ട് തന്നെ ചിത്രം എത്തുമ്പോള്‍ തിയറ്ററില്‍ സൂപ്പര്‍ താര ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തിരക്ക് ഉണ്ടാവുമെന്ന് ഉറപ്പ്‌.



tags:Rathinirvedam , Rathinirvedam Remake ,Rathinirvedam Trailer, Rathinirvedam new

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | fantastic sams coupons